ന്യൂഡൽഹി: കോടതി അലക്ഷ്യ കേസില്‍ ഹാജരാകണം എന്ന 2017 ലെ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 20ലേക്ക് മാറ്റി.കോടതി ഉത്തരവ് ലംഘിച്ച് അമേരിക്കയിലുള്ള മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനെ തുടര്‍ന്നാണ് മല്യക്കെതിരെ എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.കേസ് ഫയലില്‍ ആവശ്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാലാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരടങ്ങിയ ബഞ്ച് കേസ് 20 ലേക്ക് മാറ്റിയത്.കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 9,000 കോടി രൂപയുടെ ബേങ്ക് വായ്പാ തിരിച്ചടവ് കേസിലെ പ്രതിയായ മല്യ നിലവില്‍ ലണ്ടനിലാണുള്ളത്.