മാത്യു കുഴല്നാടന് എംഎല്‍എയുടെ ലീഗല്‍ സ്ഥാപനമയച്ച വക്കീല്‍ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ മറുപടി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മാത്യുവിന്റെ സ്ഥാപനത്തിനെതിരെ സംസാരിച്ചതെന്നും ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സി എന്‍ മോഹനന് വ്യക്തമാക്കി. സിഎന്‍ മോഹനന് ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ രണ്ടര കോടി രൂപ മാനനഷ്ടം നല്‍കണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.
മാത്യു കുഴല്നാടനെതിരെയും അദ്ദേഹത്തിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സി എന്‍ മോഹനന് നല്കിയ മറുപടി നോട്ടീസ്. മാത്യു കുഴല്നാടന് സമര്‍പ്പിച്ച ആദായ നികുതി റിട്ടേണ്‍ തെറ്റാണെന്നും യഥാര്‍ത്ഥ വരുമാനം മറച്ചുവച്ചുവെന്നും സി.എന്‍ മോഹനന് ആരോപിച്ചിരുന്നു. മാത്യു കുഴല്‍ നാടന്‍ ആധാരത്തില്‍ കാണിച്ചത് 1.92 കോടി രൂപയെന്നാണ്. എന്നാല്‍ വസ്തുവിന്റെയും, കെട്ടിടത്തിന്റെയും വില 7 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടിയും, രജിസ്ട്രേഷന് നികുതിയും അടയ്ക്കേണ്ടതെന്ന് സി.എന്‍ മോഹനന് പറഞ്ഞു. മാത്യു കുഴല്‍ നാടനും, ഭാര്യയും 2016 മുതല്‍ 2021 വരെ 30.5 കോടി രൂപ സ്വയാര്‍ജിത സ്വത്തായി സമ്പാദിച്ചുവെന്ന് സിഎന്‍ മോഹനന് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സ്വത്ത് വിവരത്തില്‍ 95,86,000 എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ വെളുപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സമ്പാദിച്ചതായി സി എന്‍ മോഹനന് ചൂണ്ടിക്കാട്ടി.