തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തില്‍ യുഡിഎഫ് സമരത്തിലേക്ക്. അടുത്ത മാസം 18ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സിബിഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യുഡിഎഫ് ആവശ്യമുയര്‍ത്തും.
നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎംഹസന് വ്യക്തമാക്കി. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു. ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു.