മനാമ: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ബഹ്റൈന് രണ്ടാം സ്ഥാനം ലഭിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ രക്ഷാധികാരത്തിൽ സൗദിയിൽ നടന്ന മത്സരത്തിൽ ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് അദ്നാൻ അൽ ഒമാരിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 117 രാജ്യങ്ങളിൽ നിന്നായി നിരവധി പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. വിശുദ്ധ ഖുർആൻ മനഃപാഠത്തിനും പാരായണത്തിനും വ്യാഖ്യാനത്തിനുമുള്ള മത്സരത്തിലാണ് നേട്ടം കൊയ്തത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലും ബഹ്റൈൻ നേടിയ ഈ പുതിയ നേട്ടത്തെ നീതിന്യായ, ഇസ്ലാമിക് കാര്യ, എൻഡോവ്മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ പ്രശംസിച്ചു. മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് മത്സര വിജയികളെ ആദരിച്ചു.