പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നുപേരിൽ പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവർ പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ പരിശോധന നടത്തി.രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കാവശ്യമായ കിറ്റുകൾ എത്തിച്ചാണ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചത്. ഇത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി ലാബിലേക്കാണ് അയച്ചത്. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാൻ.ബാക്ടീരിയ കാരണമുണ്ടാകുന്ന മെലിയോയിഡോസിസ് കോറോംഭാഗത്തെ 12 വയസ്സുകാരനിലാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് 42-കാരനിലും രോഗം കണ്ടെത്തി. രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് സമീപത്തുള്ള കുളത്തിൽനിന്നാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
ഇവർ രണ്ടുപേരും ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു. ഈ കുളം ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളവും പരിശോധനക്കയച്ചു.ആരോഗ്യവകുപ്പ് പ്രദേശത്തെ ഇരുന്നൂറോളം വീടുകളിൽ വിവരശേഖരണം നടത്തി. പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.മെഡിക്കൽ ക്യാമ്പ് നടത്തേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ശനിയാഴ്ച നഗരസഭയിൽ അടിയന്തര യോഗം ചേർന്നിരുന്നു.
ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
കോറോം വില്ലേജിൽ മെലിയോയിഡോസിസ് രോഗം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.രോഗാണുസാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗപ്പകർച്ചയില്ല.രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ പഴയങ്ങാടി താലൂക്ക് ആസ്പത്രിയിലെ പൊതുജനാരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്കരണം, ക്ലോറിനേഷൻ എന്നിവ നടത്തി.സമാനമായ ലക്ഷണങ്ങളുണ്ടെങ്കിൽ അവരെ പരിശോധിക്കുന്നതിനുള്ള സൗകര്യം പയ്യന്നൂർ, പഴയങ്ങാടി താലൂക്ക് ആസ്പത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.പ്രദേശത്ത് ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം തുടരുന്നതായി നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അറിയിച്ചു.
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല
ബർക്കോൾഡറിയ സ്യൂഡോമലെ എന്ന ബാക്ടീരിയയാണ് രോഗാണു. ചെളിയിലും മണ്ണിലും മലിനജലത്തിലും കാണുന്ന ബാക്ടീരിയയാണിത്. മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം. ഭക്ഷണത്തിലൂടെയോ വെള്ളത്തിൽനിന്നോ മണ്ണിൽനിന്നോ മുറിവിലൂടെയോ രോഗം ബാധിക്കാം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പകരില്ല.
രോഗനിർണയം
രക്തം, മൂത്രം, കഫം, പഴുപ്പ് എന്നിവ പരിശോധിച്ചാണ് രോഗം നിർണയിക്കുക. രോഗം ചിലരിൽ അപകടമുണ്ടാക്കാം. രോഗസങ്കീർണതകൾ മരണകാരണമായിത്തീരാം. അതിനാൽ ശാസ്ത്രീയചികിത്സ ലഭിക്കണം. രോഗിക്ക് ആസ്പത്രിയിൽ കിടത്തിച്ചികിത്സ വേണ്ടിവരും.
ലക്ഷണങ്ങൾ
ചിലരിൽ പതുക്കെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുക. മറ്റു ചിലരിൽ പെട്ടെന്നുതന്നെ തുടങ്ങിയേക്കാം. രോഗാണു ശരീരത്തിലെത്തി ഒന്നുമുതൽ നാല് ആഴ്ചയ്ക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
പനി, ചുമ, തലവേദന എന്നിവയിൽ തുടങ്ങി ശ്വാസംമുട്ടൽ, നെഞ്ചുവേദന, ന്യൂമോണിയ എന്നിവയിൽ എത്താം. ചർമത്തിൽ കുരുക്കൾ, വ്രണം, ലസികാഗ്രന്ഥിവീക്കം. പ്രതിരോധശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും തീവ്രമാകാൻ സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കുക
ചെളിവെള്ളം, കെട്ടിനിൽക്കുന്ന വെള്ളം തുടങ്ങിയവയിൽ കാലുകൾ കഴുകുകയോ മറ്റോ ചെയ്യാതിരിക്കുക.
മണ്ണിൽ ജോലിചെയ്യുന്നവർ നിർബന്ധമായും ചെരിപ്പോ ബൂട്ട്സോ ഉപയോഗിക്കുക. കൈയിലോ കാലിലോ മുറിവോ വ്രണങ്ങളോ ഉള്ളവർ വെള്ളത്തിലോ മണ്ണിലോ ഇടകലരുന്നത് പരമാവധി ഒഴിവാക്കുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.