ഹരിപ്പാട്: വാക്കുതര്‍ക്കത്തിനിടെ ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. പള്ളിപ്പാട് വഴുതാനം ദ്വാരകയില്‍ പ്രസാദ് (52), സഹോദരന് കുറവന്തറ ഹരിദാസ് (46) എന്നിവരാണ് അറസ്റ്റിലായത്. വഴുതാനം കുറവന്തറ സോമന് (56) ആണ് തിങ്കളാഴ്ച വെടിയേറ്റു മരിച്ചത്. വിമുക്തഭടനായ പ്രസാദാണു വെടിയുതിര്‍ത്തതെന്നു പോലീസ് പറഞ്ഞു. ഇരുകൂട്ടരും ബന്ധുക്കളാണ്. ഇവര്തമ്മില് വര്‍ഷങ്ങളായി വഴക്കുണ്ടായിരുന്നു. പലപ്രാവശ്യം കൈയാങ്കളിയിലെത്തിയിട്ടുമുണ്ട്. മരിച്ച സോമന് സി.പി.എം. പ്രവര്‍ത്തകനാണ്. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപരമായ ശത്രുതയാണു കാരണമെന്നും പോലീസ് പറയുന്നു.
എയര്‍ഗണ്‍ ഉപയോഗിച്ചാണു വെടിവെച്ചതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. എന്നാല്‍, പിടികൂടുമ്പോള്‍ പ്രസാദിന്റെ കൈവശമുണ്ടായിരുന്നത് ഇരട്ടക്കുഴല്‍ തോക്കാണ്. ബി.എസ്.എഫില്‍ ജോലി ചെയ്യുമ്പോള്‍ കശ്മീരിലെ ബാരാമുളയില്‍നിന്നു വാങ്ങിയ തോക്കാണിതെന്നാണു പ്രസാദ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ലൈസന്‍സ് ഇല്ലാത്ത തോക്ക് ആണ് കൈവശം വച്ചത് പോലീസ് പറഞ്ഞു.