മനാമ: നയന മനോഹര പരിപാടികളോടെ ഷിഫ അല്‍ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകര്‍ന്നു.പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആഘോഷത്തെ വരവേറ്റു. സ്പെഷ്യലിസ്റ്റ് ഇന്റേണിസ്റ്റ് ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണപ്പാട്ടുകളുമായി വേദിയില്‍ എത്തി. സ്പെഷ്യലിസ്റ്റ് ഓര്‍ത്തോ പീഡിക് സര്ജന് ഡോ. ടാറ്റാ റാവു ബോളിവിഡ് ഹിറ്റുകളും ആലപിച്ചു. കേരള തനിമയാര്‍ന്ന ചടുലമായ ചുവടുകളുാമയി ജീവനക്കാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റു കൂട്ടി. സുന്ദരിക്ക് ഒരു പൊട്ട്, സാരി ഡ്രാപ്പിംഗ്, ലെമണ്‍-സ്പൂണ്‍ റെയ്സ്, ബലൂണ്‍ പൊട്ടിക്കല്‍, ചാക്കിലോട്ടം, ഉറിയടി, കസേരക്കളി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി.
വീറും വാശിയും നിറഞ്ഞ വടം വലി മത്സരത്തില്‍ ഡോക്ടര്‍മാരുടെ ടീമും രണ്ട് വനിതാ ടീമുകളും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ റിസ്പ്ഷനിസ്റ്റ് ടീമും വനിതാ വിഭാഗത്തില്‍ നഴ്സിംഗ് ടീമും വിജയിച്ചു.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന്റെ താഴത്തെ നിലയില്‍ ഒരുക്കിയ ആകര്‍ഷകമായ പൂക്കളം നിരവധി പേരെ ആകര്‍ഷിച്ചു.
ആഘോഷങ്ങള്‍ക്ക് സമാപനമായി ജീവക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. സിഇഒ ഹബീബ് റഹ്മാന്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. സായ് ഗിരിധര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് മജീദ്, ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.