കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്നാറിലെ പല റിസോർട്ടുകളും നിര്മാണ പ്രവൃത്തികളും ഭൂനിയമം ലംഘിച്ചു കൊണ്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തന്നോട് ചോദിച്ചത്.
പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. എന്നാൽ എം.വി. ഗോവിന്ദൻ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ എകെജി സെന്റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ച കെട്ടിടമാണെന്നും കുഴൽനാടൻ ആരോപിച്ചു. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം നിർമിച്ചതിനാലാണ്. ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി എന്നതിന് കൃത്യമായ മറുപടി ഇതിനോടകം പലതവണ നൽകിയിട്ടുണ്ട്.
ഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ഒൻപതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്. അതിന്റെ മാർക്കറ്റ് വില ഏകദേശം ഒൻപത് കോടി വരുമെന്നാണ് പറഞ്ഞത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു.
‘‘ഒരു പൊതുപ്രവർത്തകനോ രാഷ്ട്രീയക്കാരനോ ആയി പരമാവധി സുതാര്യമായാണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്. എല്ലാ രേഖകളും മാധ്യമങ്ങൾക്കു മുന്പിൽ നൽകിയിട്ടുണ്ട്. പൊതുജനത്തിനു മുൻപിൽ പുകമറ സൃഷ്ടിക്കാനാണ് നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചെന്ന് വീണ്ടും ആരോപിക്കുന്നത്. തോമസ് ഐസക് പിന്മാറിയ സ്ഥിതിക്ക് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ടുവന്ന് പരിശോധിക്കാം.
പാർട്ടിയുടെ സാധാരണ പ്രവർത്തകർക്കായി ഞാൻ ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഈ ആരോപണങ്ങൾ മുഴുവൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെ ചെറുക്കാൻ വേണ്ടിയാണ്. സിപിഎമ്മിന്റെ മുഴുവൻ ഊർജവും ധാർമിക ബലവും പാരമ്പര്യവും എല്ലാം ഇതിനായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിൽ സിപിഎം എന്ന പാർട്ടി എവിടെയെത്തി നില്ക്കുകയാണ്? കോൺഗ്രസ് അധികാരത്തിൽ വന്നാലും സിപിഎം പ്രതിപക്ഷത്ത് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നാൽ പാർട്ടി ഇന്നു തകർച്ചയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.