തിരുവനന്തപുരം: ഉത്രാട ദിനമായ ഇന്നലെ മാത്രം ബിവറേജസ് ഔട്ടലറ്റുകൾ വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 112 കോടിയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 കോടിയുടെ വർദ്ധനവാണ് ഉത്രാട ദിനത്തിലെ മദ്യക്കച്ചവടത്തിൽ ഉണ്ടായിരിക്കുന്നത്.
തൃശൂർ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലറ്റുകളിലും ഒരു കോടിയിൽ അധികം രൂപയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ വരുമാനം ഇത്തവണ ലഭിക്കുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ എംഡി വ്യക്തമാക്കുന്നത്.
ഓണത്തിന് വളരെ മുൻപേതന്നെ ഓണ വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പുകൾ ബെവ്കോ നടത്തിയിരുന്നു. മദ്യംവാങ്ങാനെത്തുന്നവർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വെയർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്ക് ബെവ്കോ കർശന നിർദ്ദേശം നൽകിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിരുന്നു.