കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പ്രതികൾ മെഡിക്കൽ കോളേജിൽ എത്തുന്നതിൽ വിലക്കണം എന്ന് ഡിഎംഇ പറഞ്ഞിട്ടുണ്ടെന്നും ഐ സി യു പീഡനകേസിൽ മന്ത്രി പ്രതികരിച്ചു. കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര് ഐ സ്കാനിംഗ് മെഷ്യന് കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പൊലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ കമ്മീഷൻ വ്യക്തമാക്കി. നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് നീതി വൈകുന്നതെന്നും കെ ബൈജുനാഥ് ചൂണ്ടികാട്ടി. ഹർഷീന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.