ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന് അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50 കോടി അക്കൗണ്ടുകളില്‍ പകുതിയിലേറെ വനിതകളുടേതാണെന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജന്‍ ധന് അക്കൗണ്ടുകള്‍ അന്‍പതു കോടി കടന്നതായി ഇന്നലെയാണ് ധനമന്ത്രാലയം അറിയിച്ചത്. ഇതില്‍ 56 ശതമാനം വനിതകളുടെ പേരിലാണെന്നും മന്ത്രാലയം പറഞ്ഞു. അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലാണ്. 2.03 ലക്ഷം കോടി രൂപയാണ് ജന്‍ ധന് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ളത്. 34 കോടി റൂപേ കാര്‍ഡ് ജന്‍ ധന് അക്കൗണ്ട് ഉടമകള്‍ക്കു സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
ജന്‍ ധന് അക്കൗണ്ടുകളില്‍ പകുതിയിലേറെ സ്ത്രീകളുടെ പേരിലാണെന്നത് ആവേശഭരിതമാക്കുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗ്രാമ, ചെറു നഗര പ്രദേശങ്ങളിലാണ് അക്കൗണ്ടുകളില്‍ ഭൂരിഭാഗവും എന്നത് എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനത്തിന്റെ സൂചകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014ലാണ് രാജ്യത്ത് ജന്‍ ധന് അക്കൗണ്ട് പദ്ധതി തുടങ്ങിയത്.