കോട്ടയം: വിദ്യാലത്തിൽവെച്ച് അദ്ധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എൽപി സ്കൂൾ ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്പെൻഷൻ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ തോമസ്, കോട്ടയം വെസ്റ്റ് എഇഒ മോഹൻദാസ് എംകെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മറ്റൊരു സ്കൂളിലെ അദ്ധ്യാപിക വിജിലൻസിന് നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ വെച്ചാണ് ഹെഡ്മാസ്റ്റർ വിജിലൻസിന്റെ പിടിയിലായത്. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം അദ്ധ്യാപിക സ്കൂളിലെത്തി പണം കൈമാറുന്നനിടെ ഹെഡ്മാസ്റ്ററെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ എഇഒയ്ക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ (എഇഒ) ഓഫീസർക്ക് അദ്ധ്യാപിക സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിനായി അപേക്ഷ നൽകിയിരുന്നു. ഇത് വേഗത്തിലാക്കണമെങ്കിൽ കൈക്കൂലി വേണമെന്ന് ഹെഡ്മാസ്റ്റർ അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. പതിനായിരം രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് അദ്ധ്യാപിക വിജിലൻസിൽ പരാതി നൽകുകയും ഇരുവരെയും കുടുക്കുകയും ചെയ്തത്.