തിരുവനന്തപുരം: നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്ന് മുരളീധൻ മാധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണ്. എൻ.എസ്.എസ്. വർഗീയ സംഘടനയല്ലെന്ന് സി.പി.എം. പറയുന്നതിൽ സന്തോഷം. സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഈ നിലപാട് തുടരണം. നേരത്തെ ഞങ്ങൾ പറഞ്ഞപ്പോൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പറഞ്ഞത്, മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ദേശീയ നേതാക്കൾ എത്തുന്ന രീതിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ കെ. മുരളീധരൻ, ഏതന്വേഷണത്തേയും മാത്യു കുഴൽനാടൻ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് തീരുമാനമെങ്കിൽ പാർട്ടി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും മാത്യുകുഴൽ നാടന് ചുറ്റും ശക്തമായ കവചം തീർക്കുമെന്നും പറഞ്ഞു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയാൽ കുട്ടി പുറത്തും കത്രിക അകത്തും എന്ന സ്ഥിതിയാണ്. ആരോഗ്യവകുപ്പ് തെറ്റ് അംഗീകരിക്കുന്നില്ല. കത്രിക മെഡിക്കൽ കോളേജ് ആശുപത്രിയുടേത് അല്ലെന്ന് പറയുന്നു. സർക്കാർ ഹർഷിനയോട് ഒരു മാന്യതയും കാണിക്കുന്നില്ല. ഹർഷിനയുടെ സമരത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. അബദ്ധം പറ്റിയ ഡോക്ടർക്ക് എതിരെ നടപടി എടുക്കണം. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന സാംസ്കാരിക നായകർ ഇപ്പോൾ ലീവിലാണെന്നും മുരളീധരൻ പരിഹസിച്ചു.