ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയുടെ സമാധിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മൂന്ന് പതിറ്റാണ്ടുകളായി മണ്ണാറശാലയിൽ എത്തുന്ന അനേകായിരം ഭക്തജനങ്ങൾക്ക് നാഗരാജാവിന്റെ അനുഗ്രഹം സാധ്യമാക്കുവാൻ അമ്മയ്ക്ക് കഴിഞ്ഞു. മന്ത്രങ്ങളും പൂജാദിവിധികളും താന്ത്രിക കർമ്മവും സ്ത്രീകൾക്കും വഴങ്ങുമെന്നതിന്റെ ഉദാഹരണമാണ് മണ്ണാറശാല അമ്മ. സർപ്പ ആരാധനയുമായി ബന്ധപ്പെട്ട് ഭാരതത്തിലെ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആചാര്യയാണ് അമ്മ.
പൂജകർമ്മങ്ങൾ സ്ത്രീകൾ നടത്തുന്ന മണ്ണാറശാല നാഗരാജാക്ഷേത്രം ഹിന്ദു ധർമ്മം സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം അടയാളപ്പെടുത്തുന്ന ആരാധനാലയമാണ്. പൂജകർമ്മങ്ങൾ ചെയ്യുന്ന അന്തർജനത്തെ വലിയമ്മ എന്നാണ് ഇവിടെ വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതൽ കുംഭത്തിലെ ശിവരാത്രി വരെ, കർക്കിടകം ഒന്ന് മുതൽ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന പൂജകൾ. ക്ഷേത്രത്തിലെ സർപ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പൻ കാവിലും നൂറും പാലും തുടങ്ങിയ ചടങ്ങുകളുടെ കാർമ്മികത്വവും വലിയമ്മയാണ് ചെയ്യുക. മണ്ണാറശാല ഇല്ലത്തിൽ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. വിഷ്ണുപാദം പൂകിയ മണ്ണാറശാല അമ്മയുടെ ഓർമ്മകൾ വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.