ജോധ്പൂർ: പാകിസ്ഥാൻ യുവതിയും ജോധ്പൂർ സ്വദേശിയായ യുവാവും ഓൺലൈനിലൂടെ വിവാഹിതരായി. ഇന്ത്യൻ വിസ ലഭിക്കാത്തതിനാലായിരുന്നു ഓൺലൈൻ കല്യാണം. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ അമീനയും ജോധ്പൂർ സ്വദേശിയായ അർബാസ് ഖാനുമാണ് വിവാഹിതരായത്. അമീന വിസയ്ക്കായി വീണ്ടും അപേക്ഷിക്കുമെന്നും ഇന്ത്യയിൽ എത്തിയാൽ വീണ്ടും വിവാഹിതരാകുമെന്നും ബുധനാഴ്ച നടന്ന ഓൺലൈൻ വിവിവാഹത്തിന് ശേഷം അർബാസ് ഖാൻ പറഞ്ഞു. അംഗീകാരം ലഭിക്കാത്തതിനാൽ പാകിസ്ഥാനിൽവച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അർബാസ് വ്യക്തമാക്കി.ചാർട്ടേഡ് അക്കൗക്കന്റാണ് അർബാസ്.
നിക്കാഹിനൊപ്പം എല്ലാ ചടങ്ങുകളും ഓൺലൈൻ ആയി തന്നെ നടന്നിരുന്നു. ജോധ്പൂരിലെ ഖാസിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. അമീനയുമായുള്ള വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പാകിസ്ഥാനിലുള്ള ബന്ധുക്കളാണ് ആലോചനയുമായി മുന്നോട്ട് വന്നതെന്നും അർബാസ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുന്ന അവസ്ഥയിലായതുകൊണ്ടാണ് നിക്കാഹ് ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. അമീനയ്ക്ക് എത്രയും വേഗം വിസ ലഭിച്ച് ഇന്ത്യയിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർബാസ് കൂട്ടിച്ചേർത്തു.