മനാമ: 2022 മാർച്ച് വരെയുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ (എൻആർഐ) താമസിക്കുന്നുണ്ട്. ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ നിരക്ക് 320,000 ആണ്. ലോകമെമ്പാടുമുള്ള മൊത്തം 13.4 ദശലക്ഷം എൻആർഐകളിൽ, ജിസിസി രാജ്യങ്ങൾക്കാണ് ഏറ്റവും വലിയ അനുപാതം. ഇത് 66 ശതമാനത്തിലധികം വരും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ ഡാറ്റ അനുസരിച്ച്, 3.41 ദശലക്ഷം എൻആർഐകളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഈ മേഖലയിൽ മുന്നിലാണ്. തൊട്ടുപിന്നിൽ സൗദി അറേബ്യ 2.59 മില്യൺ, കുവൈത്ത് 1.02 മില്യൺ, ഖത്തർ 740,000, ഒമാൻ 770,000, ബഹ്റൈൻ 320,000 എൻആർഐകൾ എന്നിങ്ങനെയാണ് ജനസംഖ്യ നിരക്ക്.
ജിസിസി രാജ്യങ്ങൾക്ക് പുറമേ, യുണൈറ്റഡ് സ്റ്റേറ്റ്സ് (US) , യുണൈറ്റഡ് കിംഗ്ഡം (UK) എന്നിവയും ഗണ്യമായ എൻആർഐ ജനസംഖ്യയെ ആകർഷിക്കുന്നു. യുഎസിൽ 1.28 ദശലക്ഷം പ്രവാസി ഇന്ത്യക്കാരും യുകെയിൽ 350,000 പ്രവാസി ഇന്ത്യക്കാരുമാണുള്ളത്. കൂടാതെ, ഓസ്ട്രേലിയ, മലേഷ്യ, കാനഡ എന്നിവിടങ്ങളിലും ഗണ്യമായ എൻആർഐകളുണ്ട്. ഇത് ഇന്ത്യൻ പ്രവാസികളുടെ ആഗോള സാന്നിദ്ധ്യത്തിന് കൂടുതൽ ഉദാഹരണമാണ്.
ബഹ്റൈനിൽ, എൻആർഐകൾ രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക ചുറ്റുപാടിൽ സുപ്രധാന സ്ഥാനം വഹിക്കുകയും അതിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും നേതൃത്വം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. അവരുടെ സാന്നിധ്യം ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെയും പങ്കിട്ട താൽപ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു, ഇത് അഭിവൃദ്ധി പ്രാപിക്കുന്ന ഉഭയകക്ഷി ബന്ധം വളർത്തുന്നു.