സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ ഇന്ത്യ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നും, മേഖലയിൽ ന്യൂഡൽഹിയുമായുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാൻ ടോക്കിയോ ആഗ്രഹിക്കുന്നുവെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി. ഇന്ത്യ-ജപ്പാൻ ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, മെയ് മാസത്തിൽ നടന്ന ഹിരോഷിമ ഉച്ചകോടിയിലെ ജി7 രാജ്യങ്ങളിലെ നേതാക്കൾ നടത്തിയ പ്രസ്താവനയും അദ്ദേഹം പരാമർശിച്ചു, ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള ഏതൊരു ശ്രമവും വെച്ചുപൊറുപ്പിക്കാനാവില്ല എന്നായിരുന്നു ഈ പ്രസ്താവന.
ജി 20 പ്രസിഡൻസി വിജയകരമാക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ ജപ്പാന് താൽപ്പര്യമുണ്ടെന്ന് ഹയാഷി വ്യക്തമാക്കി, പ്രത്യേകിച്ച് ഇന്റർ ഗവൺമെന്റൽ ഫോറത്തിന്റെ വരാനിരിക്കുന്ന ഉച്ചകോടിയിൽ ഉൾപ്പെടെ. ഗ്ലോബൽ സൗത്ത് നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കിൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനുള്ള ആഹ്വാനം കേവലം മുദ്രാവാക്യമായി തോന്നുമെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ജപ്പാനെ ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് ഹയാഷി ഡൽഹിയിലെത്തിയത്.