മനാമ: 1983-89 കാലയളവിൽ രഞ്ജി ട്രോഫിയിലെ മിന്നുംതാരമായിരുന്ന കൃഷ്ണൻ ഭാസ്കർ പിള്ളയെ ബഹ്റൈൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിച്ചു. 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 18 സെഞ്ച്വറികളടക്കം 5442 റൺസ് നേടിയിട്ടുള്ള ഭാസ്കർ പിള്ള തിരുവനന്തപുരം സ്വദേശിയാണ്.
രഞ്ജി, വിൽസ് ട്രോഫി മത്സരങ്ങളിൽ ഡൽഹി ക്യാപ്റ്റനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ടാലന്റ് റിസർച് ഡെവലപ്മെന്റ് ഓഫിസറായും പ്രവർത്തിച്ചു.
ഋഷഭ് പന്ത്, അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, കെ.എൽ. രാഹുൽ, ഇഷാന്ത് ശർമ, ആശിഷ് നെഹ്റ, സൂര്യകുമാർ യാദവ് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
ഡൽഹി രഞ്ജി ട്രോഫി ടീം, ഉത്തരാഖണ്ഡ്, ഗോവ, ത്രിപുര ക്രിക്കറ്റ് അസോസിയേഷനുകൾ എന്നിവയുൾപ്പെടെ വർഷങ്ങളായി ഇന്ത്യയിലെ നിരവധി ക്രിക്കറ്റ് അസോസിയേഷനുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് കോച്ചും ബാറ്റിങ് കൺസൽട്ടന്റുമാണ്.