തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ടെങ്കില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായി. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പു വിഷയത്തില്‍ ചര്‍ച്ച നടക്കും.
പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാന്‍ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍നിന്ന് പിന്‍ഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിന്തുടരുന്ന രീതി. ടി.എം.ജേക്കബ് അന്തരിച്ചപ്പോള്‍ മകന് അനൂപ് ജേക്കബ് പിറവത്തും, ജി.കാര്ത്തികേയന് അന്തരിച്ചപ്പോള്‍ മകന് കെ.എസ്.ശബരീനാഥന് ആര്യനാടും, പി.ടി.തോമസ് അന്തരിച്ചപ്പോള്‍ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലും സ്ഥാനാര്‍ഥിയായി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിന്‍ഗാമി കുടുംബത്തില്‍നിന്നുള്ള ആളാകാനാണ് എല്ലാ സാധ്യതയും.