ചണ്ഡിഗഡ്:ചണ്ഡിഗഢിലെ കല്കയില് നിന്നും ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്കുള്ള ഹെറിറ്റേജ് ട്രെയിനിന്റെ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് ആറ് വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.ഹരിയാനയിലും ഹിമാചലിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കല്‍ക-ഷിംല പാതയിലെ റെയില്‍ പാളങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കല്കയ്ക്കും സോളനും ഇടയിലുള്ള ശിവാലിക് മലനിരകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ കേടുപാടുകള്‍ പരിഹരിച്ച ശേഷം പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരിക്കും ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കുക.രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നാണ് കല്‍ക-ഷിംല പാതയിലെ പ്രത്യേക പൈതൃക ടോയ് ട്രെയിന്‍ സര്‍വീസ്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ട്രെയിനില്‍ കയറാനായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും എത്താറുള്ളത്. ചണ്ഡീഗഢില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കല്‍ക റെയില്‍വേ സ്റ്റേഷന്. ഇവിടെ നിന്നാണ് ഷിംല ടോയ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്.1903 ബ്രിട്ടീഷുകാരാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. കല്‍ക മുതല്‍ ഷിംല വരെ 96 കിലോമീറ്ററാണ് ധൂരം. അഞ്ച് മണിക്കൂറാണ് ട്രെയിന്‍ ഓടിയെത്താന്‍ വേണ്ട സമയം. 1002 ടണലുകളും 800 പാലങ്ങളും കടന്നാണ് ട്രെയിന്‍ ഷിംലയില്‍ എത്തുക. ഉയരത്തിലേക്ക് കയറുന്നതിനനുസരിച്ച് അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.