തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. ശിവഗിരിയിൽ രാവിലെ 9.30നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.വധുവിന്റെയും ഭാഗത്തുനിന്ന് ഏറ്റവും അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെറുന്നിയൂർ സ്വദേശിയാണ് വരൻ. വിവാഹ ആവശ്യത്തിനായി മരണപ്പെട്ട രാജു സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയോളം കടമെടുത്തിട്ടുണ്ട്. ഇവരെ സഹായിക്കാനായി നാട്ടുകാർ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്ന് ആയിരുന്നു നാലുപേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന് മുമ്പിൽ ബഹളമുണ്ടാക്കി പിതാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണുവും സംഘവുമായിരുന്നു കൊലയ്ക്ക് പിന്നിൽ. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീലക്ഷ്മിയുടേയും ജിഷ്ണുവിന്റേയും വിവാഹം നേരത്തെ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ വിവാഹം വേണ്ടെന്നുവെച്ചു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് ജിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കി പിതാവിനെ കൊലപ്പെടുത്തിയത്.