ബെംഗളൂരു: നഗരത്തെ നടുക്കിയ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ശബരീഷ് എന്ന ഫെലിക്സ് കൃത്യം നടത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച വാര്‍ത്തയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൊവ്വാഴ്ച വൈകിട്ട് രണ്ടുപേരെ വെട്ടിക്കൊന്നശേഷം നഗരത്തില്‍ കടന്നുകളഞ്ഞ ഇയാള്‍ രാത്രിയോടെയാണ് തന്റെ ചിത്രം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച കൊലപാതകവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഇതിന് മുന്‍പ് കൊലപാതകത്തിന്റെ സൂചനയെന്നോണം മറ്റൊരു സ്റ്റോറിയും ‘ജോക്കര്‍ ഫെലിക്സ് റാപ്പര്‍’ എന്ന ഇന്‍സ്റ്റഗ്രാം ഐ.ഡി.യിലൂടെ ഇയാള്‍ പങ്കുവെച്ചിരുന്നു.
‘ഈ ഭൂമുഖത്തെ മനുഷ്യരെല്ലാം മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതുകൊണ്ട് ഈ ഭൂമുഖത്തെ മനുഷ്യരെ ഞാന്‍ വേദനിപ്പിക്കുന്നു. ചീത്ത മനുഷ്യരെ മാത്രമേ ഞാന്‍ വേദനിപ്പിക്കുകയുള്ളൂ. നല്ല മനുഷ്യരെ ഞാന്‍ ഒരിക്കലും വേദനിപ്പിക്കില്ല’, എന്നായിരുന്നു കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജോക്കര്‍ ഫെലിക്സ് പങ്കുവെച്ച കുറിപ്പ്. ഇതിനുശേഷം താന്‍ പാടുന്ന ചിത്രവും പിന്നാലെ കൊലപാതകവാര്‍ത്തയും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി നല്‍കിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് ഏറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി. കമ്പനിയുടെ എം.ഡി.യായ ഫണീന്ദ്ര സുബ്രഹ്മണ്യ(35) സി.ഇ.ഒ. ആര്.വിനുകുമാര്‍(47) എന്നിവരെ ഫെലിക്സും സംഘവും ഓഫീസില്‍ കയറി വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട സി.ഇ.ഒ. വിനുകുമാര്‍ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്.
കൊല്ലപ്പെട്ടവര്‍ക്കൊപ്പം നേരത്തെ ജോലിചെയ്തിരുന്ന ഫെലിക്സും കൂട്ടാളികളായ വിനയ് റെഡ്ഡി, സന്തോഷ് എന്നിവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് കഴിഞ്ഞദിവസം തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ബെംഗളൂരുവില്‍നിന്ന് മുങ്ങിയ മൂന്നുപ്രതികളെയും പിന്നീട് തുമകുരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിസിനസ് വൈരം, ലക്ഷ്യമിട്ടത് ഫണീന്ദ്രയെ.
കമ്പനി എം.ഡി.യായ ഫണീന്ദ്രയോട് ഫെലിക്സിനുള്ള ബിസിനസ് വൈരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. ഫണീന്ദ്രയും വിനുകുമാറും കഴിഞ്ഞവര്‍ഷമാണ് ഏറോണിക്സ് എന്ന സ്ഥാപനം ആരംഭിച്ചത്. ഫെലിക്സും മറ്റുപ്രതികളും നേരത്തെ ഇരുവരുടെയും കൂടെ ജോലിചെയ്തിരുന്നു. അടുത്തിടെ ഫെലിക്സ് അടക്കമുള്ളവര്‍ ജോലി രാജിവെച്ച് സ്വന്തമായി സ്ഥാപനം തുടങ്ങി. എന്നാല്‍, തങ്ങളുടെ സ്ഥാപനത്തിലെത്തുന്ന ഉപയോക്താക്കളെ ഫണീന്ദ്ര പിന്തിരിപ്പിക്കുകയാണെന്നും ബിസിനസ് മുടക്കുകയാണെന്നുമായിരുന്നു ഫെലിക്സിന്റെ പരാതി. ഇത് വൈരാഗ്യമായി വളര്‍ന്നതോടെയാണ് ഫണീന്ദ്രയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പറയുന്നു.