ന്യൂഡൽഹി: സ്വകാര്യാവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നായ ഡൈനുടക്സിമാബ്, അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് എന്നിവയുടെ ജി.എസ്.ടി ഒഴിവാക്കി. ലക്ഷങ്ങൾ വിലയുള്ള മരുന്നുകളാണിവ. പ്രത്യേക ചികിത്സയുടെ ഭാഗമായ ഭക്ഷണത്തിനും (ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ്) നികുതി ഒഴിവാക്കാൻ ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഓൺലൈൻ ഗെയിമിംഗ്, ചൂതാട്ടം, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തും. ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി ഉൾപ്പെടാത്തത് കേരളത്തിന് ആശ്വാസമായി. ലോട്ടറിയും പരിധിയിൽ വരുമോയെന്ന് ആശങ്കയുണ്ടായിരുന്നെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.ഒന്നര വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓൺലൈൻ ഗെയിമിനും ചൂതാട്ടത്തിനും നികുതിക്ക് തീരുമാനമായത്. ഇവയെ ഒഴിവാക്കണമെന്ന ഗോവ, സിക്കിം സംസ്ഥാനങ്ങളുടെ ആവശ്യം കൗൺസിൽ തള്ളി
.2017 മുതലുള്ള ജി.എസ്.ടി പരാതികൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ ബെഞ്ചുകൾ എറണാകുളത്തും തിരുവനന്തപുരത്തും സ്ഥാപിക്കും. ബെഞ്ചിൽ ഒരു ജുഡീഷ്യൽ അംഗവും മേഖലയിൽ പ്രവൃത്തി പരിചയമുള്ള ടെക്നിക്കൽ അംഗവുമുണ്ടാകും. ഇവരുടെ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ തുടങ്ങും.ജി.എസ്.ടി.എൻ വിവരങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ (പി.എം.എൽ.എ) ഭാഗമാക്കാനുള്ള കേന്ദ്ര നീക്കത്തെ കേരളമടക്കം എതിർത്തു. നികുതി വിവരങ്ങൾ ഇ.ഡി ദുരുപയോഗം ചെയ്യുമെന്ന വ്യാപാരികളുടെ ആശങ്കയാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ദുരുപയോഗമുണ്ടാകില്ലെന്ന് നിർമ്മലാ സീതാരാമൻ ഉറപ്പു നൽകി. വിഷയത്തിൽ ഡൽഹി ധനമന്ത്രി അതിഷിയും നിർമ്മലയും തമ്മിൽ വാഗ്വാദമുണ്ടായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട നികുതി തീരുമാനം മാറ്റിവച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60-40 അനുപാതത്തിൽ നികുതി വരുമാനം പങ്കിടണമെന്നും ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്നും കേരളം ആവശ്യപ്പെട്ടു.