വെള്ളച്ചാട്ടത്തിൽ നീന്താനിറങ്ങിയ യുവാവ് പാറക്കല്ലുകൾക്കിടയിൽ തലകുടുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പതിയിൽ തലകൊണ വെള്ളച്ചാട്ടത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയ സുമന്ത് എന്ന യുവാവ് നീന്താനിറങ്ങിയപ്പോൾ പാറക്കല്ലുകളിൽ തല കുടുങ്ങുകയായിരുന്നു. ചെന്നൈയിൽ വിദ്യാർത്ഥിയായ 22കാരൻ സുമന്ത് കർണാടകയിലെ മംഗളൂരു സ്വദേശിയാണ്.
താൻ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സുമന്ത് കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ചാടി. ഏറെ സമയം കഴിഞ്ഞിട്ടും സുമന്ത് പൊങ്ങിവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും വനം വകുപ്പിലും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ, വെള്ളത്തിനടിയിൽ സുമന്തിൻ്റെ തല രണ്ട് പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയതായി കണ്ടെത്തി.