നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആദ്യരാത്രിയിൽ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പിറ്റേദിവസം പെൺകുഞ്ഞിനെ പ്രസവിച്ചു. യുവതിയെയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ചുറപ്പിച്ചതായിരുന്നു വിവാഹം. ആദ്യ രാത്രിയിൽ മണിയറയിൽ പ്രവേശിച്ച് അല്പസമയം കഴിഞ്ഞതോടെ യുവതിക്ക് കടുത്ത വയറുവേദന തുടങ്ങി. വിവരം അറിഞ്ഞതിനെത്തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ യുവതി ഏഴുമാസം ഗർഭിണിയാണെന്ന് വ്യക്തമായി.
പിറ്റേന്ന് പുലർച്ചെ പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മകൾ ഗർഭിണിയാണെന്ന് നേരത്തേ അറിയാമായിരുന്നു എന്നും ആ വിവരം വരന്റെ ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ രക്ഷാകർത്താക്കൾ പറയുന്നത്. കല്ല് നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയതിനാലാണ് വയർ വീർത്തിരിക്കുന്നതെന്നാണ് യുവതിയും ബന്ധുക്കളും വരനോടും കുടുംബത്തോടും പറഞ്ഞത്. അവർ അത് വിശ്വസിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ മകളെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. യുവതിയുമായുള്ള ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും വിവാഹമാേചനമാവശ്യപ്പെട്ട് ഉടൻതന്നെ കോടതിയെ സമീപിക്കുമെന്നും വരനും വീട്ടുകാരും അറിയിച്ചു.