ന്യൂയോര്‍ക്ക്: അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ജോലിപോയ സ്റ്റാഫ് റൈറ്റര്‍മാരുടെ ട്വീറ്റില്‍നിന്നും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ 19 റെറ്റര്‍മാരെയാണ് മാസിക ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് മുന്നില്‍ ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളുമായി എത്തുന്ന നാഷണല്‍ ജ്യോഗ്രഫിക് മാസിക 1888-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. അടുത്തവര്‍ഷത്തോടെ നാഷണല്‍ ജ്യോഗ്രഫിക്, അച്ചടി അവസാനിപ്പിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാസികയുടെ മാതൃകമ്പനിയായ ഡിസ്നി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി മുന്‍പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇക്കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞു കുറച്ചുകാലമായി മാസിക വലിയ പ്രതിസന്ധി നേരിട്ടു വരികയായിരുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ നീക്കം, നാഷണല്‍ ജ്യോഗ്രഫിക് മാസികയും നിരവധി ഫോട്ടോഗ്രാഫര്‍മാരുമായുള്ള കരാറുകളെയും ബാധിക്കും. നിരവധി മികച്ച ഫോട്ടോഗ്രാഫുകള്‍ ഈ മാസികയിലൂടെ വായനക്കാരിലേക്ക് എത്തിയിരുന്നു.