കൽപ്പറ്റ: തോട്ടികെട്ടി പോയ കെഎസ്ഇബിയുടെ ജീപ്പിനും ഡ്രൈവർക്കും വമ്പൻപിഴ എ ഐ ക്യാമറ വഴിചുമത്തിയത് മുൻപ് വാർത്തയായിരുന്നു. തോട്ടി കെട്ടി വാഹനമോടിച്ചതിന് 20000 രൂപയും സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവർക്ക് 500 രൂപയുമാണ് എംവിഡി പിഴയിട്ടത്. ഇതിനുപിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ബില്ലടയ്ക്കാൻ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയാണ് കൽപറ്റയിലെ ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്തത്.
ചില്ല വെട്ടാൻ തോട്ടിയുമായി പോയപ്പോഴാണ് കഴിഞ്ഞയാഴ്ച കെഎസ്ഇബിയുടെ ജീപ്പിന് പിഴശിക്ഷ ലഭിച്ചത്. റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസാണ് ഇന്ന് കെഎസ്ഇബി ഊരിയത്. തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എമർജൻസി ഫണ്ടിൽ നിന്നും പണമെടുത്ത് ബില്ലടച്ചു. ഇതോടെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു. സാധാരണ സർക്കാർ സ്ഥാപനങ്ങളിൽ ബില്ലടയ്ക്കാൻ കാലതാമസം വന്നാലും സാവകാശം നൽകാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നാണ് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചത്.