ബംഗളൂരു: ഭാര്യയ്ക്ക് ലഹരിമരുന്ന് വില്പനക്കാരനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നിർമാതാവ്. കന്നട നടനും നിർമാതാവുമായ ടി ചന്ദ്രശേഖർ ആണ് ഭാര്യയ്ക്കെതിരായ ആരോപണവുമായി പൊലീസിൽ പരാതി നൽകിയത്. ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്ന് വില്പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു.
ബംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് നിർമാതാവ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പരാതി നൽകിയിരിക്കുകയാണ്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണന്ന് ചന്ദ്രശേഖറിന്റെ ഭാര്യ പറയുന്നു. തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖർ ആക്രമിച്ചെന്നും പരാതിയിലുണ്ട്. ‘അപ്പുഗെ’, ‘ഹീഗോന്ദു ദന’ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് ചന്ദ്രശേഖർ.