ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ റൺവേയിൽ വച്ച് വിമാനങ്ങൾ കൂട്ടിമുട്ടി. ഇന്നലെ പ്രാദേശിക സമയം രാവിലെ 11ഓടെ ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന തായ് എയർവേയ്സ് വിമാനത്തിന്റെ ചിറക് തായ്പെയിലേക്കുള്ള ഇവാ എയർവേയ്സ് ജെറ്റുമായി ടാക്സിവേയ്ക്ക് സമീപമാണ് കൂട്ടിമുട്ടിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ റൺവേകളിലൊന്ന് അടച്ചിട്ടതിനെ തുടർന്ന് ഏതാനും വിമാനങ്ങൾ വൈകി. തായ് വിമാനത്തിൽ 250 യാത്രക്കാരും 14 ജീവനക്കാരുമുണ്ടായിരുന്നു. ഇവാ എയർവേയ്സ് വിമാനത്തിൽ 200ഓളം പേരുണ്ടായിരുന്നെന്നാണ് വിവരം. കൂട്ടിയിടിയിൽ തായ് വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ജപ്പാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു.