മനാമ: തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “ആരോഗ്യകരമായതും സുരക്ഷിതവുമായ വേനൽക്കാലം – 2020” എന്ന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. തൊഴിൽകാര്യ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈകുവിന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടന്നത്.
സെബാർകോ, അൽ ഘാന എന്നീ രണ്ടു ലേബർ ക്യാമ്പുകളിലെ തൊഴിലാളികളാണ് സൂം മീറ്റിംഗിൽ പങ്കെടുത്തത്. തൊഴിൽ മന്ത്രാലയത്തിലേയും ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം തലവൻ ഡോ. പി. വി. ചെറിയൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ഡോ: വെങ്കട്ട് റെഡ്ഡി സമ്മർ ഡിസീസസ്, കോവിഡ്-19 മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചു.
സൂം മീറ്റിംഗിൽ പങ്കെടുത്ത ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധനയും നടന്നു. വേനൽക്കാലത്ത് തൊഴിൽ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും തൊഴിൽ അവബോധം വളർത്തുന്നതിനും 2013 ലെ മിനിസ്റ്റീരിയൽ ഉത്തരവ് 3-ൽ വ്യക്തമാക്കിയ പ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ നിരോധനവുമായി ബന്ധപ്പെട്ടാണ് ഈ കാമ്പെയ്ൻ.