തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശംബളം ഗഡുക്കളായി നൽകുന്നതിനെതിരേയും കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സൂചനാ സമരമാണ് ഇന്ന് ചീഫ് ഓഫീസ് നടയിൽ നടത്തിയതെന്നും സമരസമിതി ഭാരവാഹികൾ പ്രസ്താവിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
റ്റിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, KSRTEA(CITU) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ.ഹരിക്യഷ്ണൻ, ജനറൽ സെക്രട്ടറി എസ്.വിനോദ്, TDF വൈസ് പ്രസിഡന്റ് റ്റി.സോണി, സംസ്ഥാന സെക്രട്ടറിമാരായ ഡി.അജയകുമാർ, വി.ജി.ജയകുമാരി തുടങ്ങിയവർ സംസാരിച്ചു. റ്റിഡിഎഫ്, സിഐടിയു സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ ഡിപ്പോകളിൽ അത് പരാജയമായിട്ടും അത് പരിശോധിക്കാൻ തയാറാകാതെ തുടരുന്നത് അംഗീകരിക്കുകയില്ല എന്നും സ്വിഫ്റ്റ് കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥാന സെക്രട്ടറി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ഡിപ്പോകൾ എഴുതി നൽകിയും ബസുകളും റൂട്ടുകളും സ്വിഫ്റ്റിന് നൽകികൊണ്ടും കെഎസ്ആർടിസിയെ തകർക്കാനും സ്വകാര്യവത്കരിക്കാനുമാണ് മാനേജ്മെന്റും ഗതാഗത മന്ത്രിയും ശ്രമിക്കുന്നതതെന്നും 220 കോടി രൂപ വരുമാനം ഉണ്ടായിട്ടും തൊഴിലാളിക്ക് ഈ പുണ്യ മാസത്തിൽ പോലും ശമ്പളം ക്യത്യമായി നൽകാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ്, എംഎൽഎ പറഞ്ഞു. കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും തൊഴിലാളികളുടെ ശമ്പളം ഘട്ടം ഘട്ടമാക്കി നൽകുന്നതിനെതിരേയും നാളെ ചേരുന്നുന്ന സംയുക്ത സമര സമിതി യോഗം ശക്തമായ തുടർസമരങ്ങൾ പ്രഖ്യാപിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.