കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ 26 ലധികം സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴി മാത്രമായിരിക്കും. ട്രാഫിക് പിഴ അടയ്ക്കൽ, പ്രവാസികളുടെ മെഡിക്കൽ പരിശോധനാ ഫലം, ഗാർഹിക തൊഴിലാളികളുടെ താമസ രേഖ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നൽകൽ, പ്രവാസികളുടെ താമസരേഖ പുതുക്കൽ പുതിയ വിസ നൽകൽ, താമസ രേഖയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കൽ, താൽക്കാലിക താമസ രേഖ മാറ്റുകയും പുതുക്കുകയും ചെയ്യുന്നത്, രേഖകൾ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യൽ, കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുളള ഫീസ് അടയ്ക്കൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്രാഫിക് പിഴകൾ അടയ്ക്കൽ, സ്വയം സ്പോൺസർ ഷിപ്പ് പദവിയിലുള്ളവരുടെ താമസ രേഖ പുതുക്കൽ, വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ, നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റ് നൽകൽ, കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ മുതലായ സേവനങ്ങളാണ് ഓൺലൈൻ വഴി മാത്രമായി മാറ്റിയിരിക്കുന്നത്.
ഈ സേവനങ്ങൾക്കായി വരുന്നവരുടെ കയ്യിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കരുതെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അൻവർ അൽ ബർജസ് ആണ് ഈ നിർദേശം അധികൃതർക്ക് നൽകിയിരിക്കുന്നത്