പ്രഖ്യാപന വേള മുതൽ തന്നെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് ‘കബ്സ’. ഉപേന്ദ്ര നായകനായ ചിത്രം രണ്ടാഴ്ച മുമ്പാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ 14ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വഴിയാണ് സ്ട്രീമിംഗ്. റിലീസ് ചെയ്ത് 30 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് ചിത്രം ഒടിടിയിൽ എത്തുന്നുവെന്നത് ശ്രദ്ധേയമാണ്.
മാർച്ച് 17 നാണ് കബ്സ ഇന്ത്യയിലുടനീളം റിലീസ് ചെയ്തത്. ഉപേന്ദ്ര, സുദീപ്, ശിവരാജ് കുമാർ എന്നിവർ അഭിനയിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന ഒരു സ്വാതന്ത്ര്യ സേനാനിയുടെ മകൻ അധോലോകത്തിൽ ചേരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കബ്സ പറയുന്നത്.