ന്യൂഡല്‍ഹി: കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2013-ലെ പുനരധിവാസ നിയമപ്രകാരം മെച്ചപ്പെട്ടതും സുതാര്യവുമായ നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകുമെന്ന് ഡോ.അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
ഹൈവേ നിർമ്മാണം മൂലം ഭൂമി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും ആവശ്യമായ മേൽപ്പാലങ്ങളും അടിപ്പാതകളും ഏർപ്പെടുത്തുന്നതിനെക്കുറിച്ചും പാർലമെന്റിൽ ചോദ്യം ഉയർന്നു. രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 5 പാക്കേജുകളിലായി 74 മേൽപ്പാലങ്ങളും 94 അടിപ്പാതകളും പദ്ധതിയിൽ ഉൾപ്പെടുത്തി, 3 എ, 3 ഡി, 3 ജി നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കൽ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി.