കൂമന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജീത്തുവാണ് അവതരിപ്പിക്കുന്നത്. രമേഷ് പി പിള്ളയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഭാഷണം- ആദം അയ്യൂബ്, ചിത്രസംയോജനം- ദീപു ജോസഫ്, വസ്ത്രാലങ്കാരം- ലിൻ്റ ജീത്തു, ഗാനരചന- വിനായക് ശശികുമാർ, ചമയം- റോണക്സ് സേവ്യർ, ആക്ഷൻ- രാംകുമാർ പെരിയസാമി.
ആസിഫ് അലിയെ നായകനാക്കി ജീത്തു സംവിധാനം ചെയ്ത കൂമൻ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ് ചെയ്തത്. കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരിശങ്കർ എന്ന പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തിയത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.