ഭുവനേശ്വര്‍: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ബലാംഗീറിലെ അമ്മാവന്റെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
‘ആലൂ പറാത്ത’ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയ്യാറാക്കാമെന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീടാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അമ്മ ആരോപിച്ചു. മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ്യൂസിക് ആൽബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.