ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിശാലസഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യങ്ങൾ സംസ്ഥാന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും മത്സരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് ഉയർന്നുവന്ന പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യെച്ചൂരി.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം അടിയന്തരമായി വേണം. അന്വേഷണം പ്രഖ്യാപിക്കാൻ വൈകുന്നത് സർക്കാരിന് എന്തോ മറയ്ക്കാനുണ്ടെന്നതിന്റെ സൂചനയാണ്. ആന്ധ്രാപ്രദേശിൽ സി.പി.എമ്മിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ട്. പ്രശ്നപരിഹാരത്തിന് പിബി നിർദേശങ്ങൾ നടപ്പാക്കും. ബിവി രാഘവുലു പോളിറ്റ് ബ്യൂറോയിൽ തുടരുമെന്നും യെച്ചൂരി പറഞ്ഞു.