കൊച്ചി: സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നടി ഭാവനയ്ക്കും സംയുക്ത മേനോനുമൊപ്പമുള്ള ചിത്രമാണ് മഞ്ജു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘കുടുംബം പോലെയുള്ള സുഹൃത്തുക്കൾ’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മണിക്കൂറുകൾക്കകം ചിത്രം വൈറലായി. ഇരുപതിനായിരത്തിലധികം പേരാണ് ചിത്രത്തിന് റിയാക്ഷൻ നൽകിയിരിക്കുന്നത്. നല്ല സുഹൃത്തുക്കൾ, സൗഹൃദം എന്നും നിലനിൽക്കട്ടെ, സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ വെള്ളരി പട്ടണമാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം. ഫുൾ ഓൺ സ്റ്റുഡിയോ നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാർ ആണ് നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.