ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ റാലികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ശവകുടീരം കുഴിക്കുക എന്നതാണ് കോൺഗ്രസിന്റെ ആഗ്രഹമെങ്കിൽ ജനങ്ങളുടെ സ്വപ്നം മോദിയുടെ താമര വിരിയുന്നത് കാണുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വിജയ് സങ്കൽപ രഥയാത്രയുടെ സമാപന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
കോൺഗ്രസ് കർണാടകയെ ഒരു എടിഎമ്മായാണ് കാണുന്നതെന്നും എന്നാൽ ബി.ജെ.പി ജനങ്ങളുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ബി.ജെ.പി സർക്കാർ തിരിച്ചുവരാൻ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം ഉറപ്പാക്കണം. കോൺഗ്രസ് സർക്കാരുകൾ കാരണം കർണാടകയ്ക്ക് നഷ്ടം മാത്രമാണ് സംഭവിച്ചത്. ഏറെക്കാലമായി അവസരവാദികളും സ്വാർത്ഥതാൽപര്യമുള്ളവരുമാണ് കർണാടക ഭരിച്ചത്. ഇത് കർണാടകയെ സാരമായി ബാധിച്ചിട്ടുണ്ട്. ബിജെപിയുടെ സുസ്ഥിരമായ ഭരണമാണ് ഇനി കർണാടകയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് കിലോമീറ്ററിലധികം നീണ്ട റോഡ് ഷോയ്ക്ക് ശേഷമാണ് റാലി നടന്നത്. ചിക്കബല്ലാപുരയില്‍ രാജ്യത്തെ ആദ്യ ഗ്രാമീണ മെഡിക്കല്‍ കോളജും ബെംഗളൂരു മെട്രോയുടെ വൈറ്റ് ഫീല്‍ഡ് കെ.ആര്.പുരം പാതയും മോദി ഉദ്ഘാടനം ചെയ്തിരുന്നു. 4,250 കോടി രൂപ ചെലവഴിച്ചാണ് 13.71 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്.