മസ്കത്ത്: സർക്കാർ മേഖലയിൽ റംസാൻ മാസത്തിലെ ‘ഫ്ലക്സിബിള്‍’ രീതി ജീവനക്കാർക്ക് ഗുണം ചെയ്യുക മാത്രമല്ല, റോഡുകളിലെ തിരക്ക് ഒഴിവാക്കാനും സഹായിക്കും. ‘ഫ്ലെക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിലെ ഔദ്യോഗിക പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. യൂണിറ്റ് മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ എന്നിങ്ങനെയുള്ള വർക്ക് ഷെഡ്യൂളുകൾ തീരുമാനിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള വിവിധ റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, – ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് – ഷിനാസ്) എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയും, ശനിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.