തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സർക്കാരിനെയും പൊലീസിനെയും കുരുക്കിലാക്കി മെഡിക്കൽ റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് വനിതാ വാച്ച് ആൻറ് വാർഡുകളുടെ കാലുകൾക്ക് പൊട്ടലില്ലെന്ന് റിപ്പോർട്ട്. വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചതിനും ഗുരുതരമായി പരിക്കേൽപ്പിച്ചതിനും ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന് പരിക്കേറ്റത് ഉയർത്തി കാട്ടിയാണ് പ്രതിപക്ഷ വിമർശനങ്ങളെ ഇതുവരെ സർക്കാർ നേരിട്ടിരുന്നത്.
വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എം.എൽ.എമാരും ചേർന്ന് ആക്രമിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു എടുത്തത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. രണ്ട് വാച്ച് ആൻഡ് വാർഡിന് കാലിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ ജനറൽ ആശുപത്രിയിലെ സ്കാനിംഗിൽ പൊട്ടലില്ലെന്ന് കണ്ടെത്തി.
വാച്ച് ആൻറ് വാർഡുകളുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്കാൻ റിപ്പോർട്ടും ആശുപത്രി അധികൃതർ പൊലീസിന് കൈമാറി. ഇതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ മ്യൂസിയം പൊലീസ് വെട്ടിലായി.