ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വന്ന ആളാണ് കടുവ റോഡരികിൽ നിൽക്കുന്നത് കണ്ടത്. അതേസമയം വാത്തിക്കുടിയിൽ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവിയാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കഴിഞ്ഞ ഒരാഴ്ചയായി ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. കൃഷിയിടങ്ങളിൽ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. അതേസമയം, തിങ്കളാഴ്ച പുലർച്ചെ ഉദയഗിരി ടവർ ജംഗ്ഷനിൽ രണ്ട് കടുവകളെ കണ്ടതായി ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികിൽ ഒരാൾ കടുവയെ കണ്ടത്.
ചെമ്പകപ്പാറ സ്വദേശി ജോഷി ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് കടുവ സമീപത്തെ റബ്ബർതോട്ടത്തിലേക്ക് നടക്കുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സംശയിച്ച അടയാളക്കല്ലിന്റെ താഴത്തെ ഭാഗമാണ് വെട്ടിക്കാമറ്റം കവല. അവിടെ റോഡരികിലും കൃഷിയിടങ്ങളിലും വന്യമൃഗത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി തോപ്രാംകുടിയിൽ കൂട്ടിൽ നിൽക്കുകയായിരുന്ന ആടിനെ വന്യമൃഗം ആക്രമിച്ചിരുന്നു. വാത്തിക്കുടി പ്രദേശത്ത് കണ്ടെത്തിയ മൃഗം പുലി വർഗത്തിൽപ്പെട്ടതാണെന്നാണ് കരുതുന്നത്. ഇവിടെ കൂട് സ്ഥാപിച്ച് ഇതിനെ പിടികൂടും.