ബ്രിട്ടൻ: വളർത്തുമൃഗങ്ങൾക്കായി സ്വന്തം ആരോഗ്യം പോലും മാറ്റി വയ്ക്കുന്ന ഒരു 46 കാരിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. യുകെയിൽ നിന്നുള്ള ഈ സ്ത്രീയെപ്പോലെ തന്റെ പൂച്ചക്കുട്ടികളെ സ്നേഹിക്കുന്ന മറ്റാരും കാണില്ല.
നോർത്ത് ലണ്ടനിലുള്ള യാസെം കപ്താൻ എന്ന 46 കാരിയാണ് സ്വന്തം ആരോഗ്യം പോലും മറന്ന് പൂച്ചകൾക്കായി ജീവിക്കുന്നത്. ആറ് പൂച്ചകളുണ്ട് ഇവർക്ക്. വളരെ ചെറുപ്പം മുതൽ തന്നോടൊപ്പമുള്ള പൂച്ചകളെ ഉപേക്ഷിക്കാൻ അവർ ആഗ്രഹിക്കാത്തതിനാൽ, പൂച്ചകളെ പോറ്റാൻ സ്വന്തം ഭക്ഷണത്തിനായുള്ള പണം പോലും ചെലവഴിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. രാജ്യത്ത് ജീവിതച്ചെലവ് വർദ്ധിച്ചതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് കപ്തൻ പറയുന്നു.
ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ബാക്കി സമയം പെപ്പെർ മിന്റ് ചായ കുടിക്കും. തൽഫലമായി, അവരുടെ ഭാരം ഇപ്പോൾ 89 കിലോയിൽ നിന്ന് 57 കിലോയായി കുറഞ്ഞു. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും പൂച്ചകൾക്ക് പാൽ, ബിസ്കറ്റ്, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനും അവർ ചെലവഴിക്കുന്നു. ഫോൺ ബിൽ അടയ്ക്കാൻ പോലും തന്റെ പക്കൽ പണമില്ലെന്ന് കപ്തൻ പറയുന്നു.