ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിൽ പ്രത്യേക പാർലമെന്ററി അന്വേഷണമുണ്ടായേക്കും. രാഹുലിന്റെ ലണ്ടൻ പരാമർശം അവകാശലംഘനത്തിനും അപ്പുറമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടേക്കും.
ഇത് പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതുവരെയുള്ള നടപടികളിലേക്ക് നയിച്ചേക്കാം. എന്നാൽ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വാദം.
ഇന്ന് സഭയിൽ തന്റെ ഭാഗം വിശദീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സ്പീക്കറെ കണ്ടു. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.