കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ കത്ത് ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടും കൈമാറി. ലൈഫ് മിഷൻ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഈജിപ്ഷ്യൻ പൗരനായ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിയിൽ നിന്നടക്കം കൈപ്പറ്റിയ അഴിമതി പണമാണെന്നും രേഖകൾ തെളിയിക്കുന്നതായി പരാതിയിൽ പറയുന്നു.
വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം എന്നീ ആവശ്യങ്ങളും പരാതിയിൽ പറയുന്നുണ്ട്.