കുവൈത്ത് സിറ്റി: ഈ അധ്യയന വർഷാവസാനത്തോടെ കുവൈറ്റിൽ നിന്ന് ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യം അവലോകനം ചെയ്യുന്നതായാണ് റിപ്പോർട്ട്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഓരോ മേഖലയും അവർക്ക് ആവശ്യമുള്ള അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിവ വിലയിരുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് അവസാനത്തോടെ ഇക്കാര്യം വ്യക്തമാകും.
കുവൈറ്റ് സർവകലാശാല, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും മറ്റ് യോഗ്യതകളും നേടിയ കൂടുതൽ സ്വദേശികളെയാണ് പുതിയ അധ്യയന വർഷത്തിൽ റിക്രൂട്ട് ചെയ്യുന്നത്. അവരെ സ്വാഗതം ചെയ്യാൻ വിദ്യാഭ്യാസ മേഖല രണ്ടാം സ്കൂൾ ടേമിന്റെ അവസാനത്തിനായി കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം യോഗ്യതയുള്ള തദ്ദേശീയ അധ്യാപകരുടെ ലഭ്യത അനുസരിച്ചാവും പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നത് നടപ്പാക്കുകയെന്നാണ് സൂചന. കഴിഞ്ഞ അധ്യയന വർഷം അവസാനത്തോടെ രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യോഗ്യതയുള്ള തദ്ദേശീയ അപേക്ഷകരുടെ അഭാവം ഇതിന് തടസ്സമായി.