വേനൽകാലത്ത് വിശപ്പും, ദാഹവും ഒന്നുപോലെ അകറ്റുന്ന ഫലമാണ് തണ്ണിമത്തൻ. എന്നാൽ ജ്യൂസ് തയ്യാറാക്കുമ്പോഴും മറ്റും ഇതിന്റെ കുരു നമ്മൾ ഉപയോഗിക്കാറില്ല. പോഷകസമൃദ്ധമായ തണ്ണിമത്തൻ കുരു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യവിദഗ്ധർ.
മഗ്നീഷ്യം വേണ്ടുവോളം അടങ്ങിയ തണ്ണിമത്തൻ കുരു ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിച്ച്, ആന്റിഹൈപ്പർടെൻസീവ് മരുന്നുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇൻസുലിൻ അളവ് സന്തുലിതപ്പെടുത്തി രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാതെ സംരക്ഷിക്കാനും ഇതിന് കഴിയുന്നു. മോണോ സാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും തണ്ണിമത്തൻ കുരു സഹായകമാണ്.
ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ വിത്തുകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റിവ് നാശത്തെ പ്രതിരോധിച്ച് യുവത്വം നിലനിർത്താനും തണ്ണിമത്തൻ കുരു ഉപയോഗിക്കാം. ഇതിലെ എ,ബി,സി വിറ്റാമിനുകൾ, കൊളാജൻ എന്നിവയുടെ സാന്നിധ്യം ചർമ്മത്തിലെ പാടുകൾ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.