കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ച് കുവൈറ്റിൽ നിന്ന് മടങ്ങിയത് 1,78,919 പ്രവാസികൾ. സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള കുവൈത്ത് സർക്കാറിൻ്റെ നടപടികളാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിലുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്ന്ന വരുമാനമുള്ള പ്രവാസികൾക്കിടയിൽ റസിഡന്റ്, തൊഴിൽ നിയമ ലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് ദിവസേന നടത്തുന്ന പരിശോധനകളും കുവൈറ്റിൽ നിന്ന് ധാരാളം പ്രവാസികൾ മടങ്ങാൻ കാരണമായി.
2022 ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ 60 വയസിന് മുകളിലുള്ളവരും ബിരുദ യോഗ്യതയില്ലാത്തവരുമാണ്. ഈ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കാൻ തുടങ്ങിയതോടെയാണ് ഇവർ ജോലി ഉപേക്ഷിച്ച് മടങ്ങാൻ നിർബന്ധിതരായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 പകുതിയോടെ 60 വയസിന് മുകളിലുള്ള പ്രവാസികളുടെ എണ്ണം 1,22,536 ആയിരുന്നു, ഇത് 2022 പകുതിയോടെ 1,04,645 ആയി കുറഞ്ഞു. ബിരുദം നേടിയ പ്രവാസികളുടെ എണ്ണം 1,55,665 ൽ നിന്ന് 1,46,942 ആയി കുറഞ്ഞു. ബിരുദാനന്തര ബിരുദമുള്ള പ്രവാസികളുടെ എണ്ണം ഇതേ കാലയളവിൽ 7,213 ൽ നിന്ന് 6,912 ആയി കുറഞ്ഞു.
രാജ്യത്തെ മൊത്തം പ്രവാസികളുടെ എണ്ണം 2021 പകുതിയോടെ 28,97,522 ൽ നിന്ന് 2022 പകുതിയോടെ 27,18,803 ആയി കുറഞ്ഞു. അതായത് ഒരു വർഷത്തിനിടെ 1,78,919 പ്രവാസികളാണ് കുവൈറ്റിൽ പ്രവാസം അവസാനിപ്പിച്ചത്. അതേസമയം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ അനുപാതം എല്ലാ ഗൾഫ് രാജ്യങ്ങളെക്കാളും കുവൈറ്റിൽ കൂടുതലാണ്. കുവൈറ്റിലെ സർക്കാർ ജീവനക്കാരിൽ 23 ശതമാനവും പ്രവാസികളാണ്.