ഗർഭധാരണം ഒഴിവാക്കുന്നതിനായി പുരുഷൻമാർക്കുള്ള ഗുളികകളുടെ പരീക്ഷണം അന്തിമഘട്ടത്തിലേക്ക് എന്ന് ഗവേഷകർ. പ്രത്യുൽപ്പാദനശേഷി താൽകാലികമായി തടയുന്ന മരുന്നുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.
പുരുഷ ബീജങ്ങളുടെ ചലനത്തെ നിയന്ത്രിച്ച് ഏതാനും മണിക്കൂർ സമയത്തേക്ക് അണ്ഡത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ ഗുളികക്ക് സാധിക്കുന്നുണ്ടെന്ന് എലികളിൽ നടത്തിയ പരീക്ഷണത്തിൽ നിന്നും വ്യക്തമായി. യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഉദ്യോഗസ്ഥരാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. മനുഷ്യരിൽ ഉപയോഗിക്കുന്നതിന് മുൻപ് മുയലുകളിൽ ഒരുതവണ പരീക്ഷിക്കുമെന്നും ഗവേഷകർ അറിയിച്ചു.
ടി.ഡി.ഡി 11861 എന്ന് പേര് നൽകിയിരിക്കുന്ന ഗുളിക ഒരിക്കലും ടെസ്റ്റോസ്റ്റിറോണിനെ ബാധിക്കില്ല. 3 മണിക്കൂർ നേരത്തേക്ക് മാത്രമാകും ഗുളികയുടെ സ്വാധീനം നിലനിൽക്കുന്നത്. എന്നാൽ ഗുളികക്ക് ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാൻ ആവില്ലെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.