തിരുവനന്തപുരം: അസഹനീയമായ നികുതി ഭാരം സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ചുമത്തിയ മുഖ്യമന്ത്രിക്ക് നേരെ ജനങ്ങൾ കല്ലെറിയുമെന്ന ഭയത്താലാണ് പുതിയ ഹെലികോപ്റ്റർ വാങ്ങുന്നതെന്ന് പരിഹസിച്ച് കെ.പി.സി.സി അധ്യക്ഷന് കെ.സുധാകരൻ. മുഖ്യമന്ത്രിയെ പലതവണ കണ്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതിനാൽ മുഖ്യമന്ത്രിക്ക് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട അവസ്ഥയാണെന്നും സുധാകരൻ വിമർശിച്ചു.
കരിങ്കൊടി പ്രതിഷേധത്തെ മറികടക്കാൻ മുഖ്യമന്ത്രി കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക് ഹെലികോപ്റ്റർ യാത്രയുടെ ട്രയൽ നടത്തി. ആകാശത്തും പ്രതിഷേധിച്ച ചരിത്രമാണ് യൂത്ത് കോൺഗ്രസുകാർക്കുള്ളതെന്ന് മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരൻ പറഞ്ഞു.
കിരണം പദ്ധതിയിലൂടെ പ്രതിമാസം 600 രൂപ നൽകുന്നത് നിർത്തിവയ്ക്കുകയും എല്ലാ സഹായ പദ്ധതികളും നിലച്ചതോടെ വീൽചെയർ രോഗികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണുള്ളതെന്ന് അവകാശപ്പെടുന്നവർ പ്രതിമാസം 80 ലക്ഷം രൂപ മുടക്കി ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയാണ്. 2020 ഏപ്രിൽ മുതൽ ഒന്നാം പിണറായി സർക്കാർ പ്രതിമാസം 1.44 കോടി രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുകയും 22.21 കോടി രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുറഞ്ഞത് 500 പാവപ്പെട്ടവർക്കെങ്കിലും വീട് നിർമിക്കാമായിരുന്നു. സർക്കാരിൻ്റെ അധിക നികുതിയും ആഡംബരവും കാരണം ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ വളരെ മോശമാണെന്ന് ചൂണ്ടിക്കാണിച്ച സുധാകരൻ, “റൊട്ടി ഇല്ലെങ്കിൽ ജനങ്ങൾ കേക്ക് കഴിക്കട്ടെ” എന്ന് പറയുന്ന ഫ്രഞ്ച് രാജകുമാരിയുടെ മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഒരു പാഠവും പഠിക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.